മൗണ്ട് ബാറ്റൺ പദ്ധതി

 ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്.  അധികാരം കൈമാറാനാവശ്യമായ സത്വരനടപടികൾ കൈക്കൊള്ളേണ്ട അവസരത്തിൽ വേവൽ പ്രഭു പോരെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് മനസ്സിലാക്കി. അവർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. പകരം മൗണ്ട് ബാറ്റണെ പുതിയ വൈസ്രോയിയായി നിയോഗിക്കുകയും ചെയ്തു. 1947 മാർച്ച് 24-ന് പുതിയ വൈസ്രോയി അധികാരമേറ്റു. 

മൗണ്ട് ബാറ്റൺ പദ്ധതി


ഉദ്യോഗം കൈയ്യേൽക്കുന്നതിനു മുമ്പ് മൗണ്ട് ബാറ്റൻ രണ്ട് വ്യവസ്ഥകൾ ഉന്നയിച്ചിരുന്നു. ഒന്ന് അധികാരക്കൈമാറ്റത്തിന് വ്യക്തമായ ഒരു സമയപരിധി വേണം. രണ്ട്. തന്നെ ഏൽപ്പിച്ച ജോലി കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനാവശ്യമായ അധികാരം തനിക്കുണ്ടായിരിക്കണം. ബ്രിട്ടീഷ് ഗവണ്മെന്റ് ഇതു രണ്ടും സമ്മതിച്ചുകൊടുത്തു.

1947 മാർച്ച് 24 മുതൽ ഏപ്രിൽ മധ്യം വരെ അദ്ദേഹം ഇന്ത്യൻ നേതാക്കന്മാരുമായി ചർച്ചകൾ നടത്തി. ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള ചർച്ചകൾക്കായി മെയ് 18-ന് മൗണ്ട്ബാറ്റൺ വി.പി.മേനോനൊത്ത് ലണ്ടനിലേയ്ക്ക് പോയി. ചർച്ചകൾക്കു ശേഷം അദ്ദേഹം മെയ് 31-ന് ഇന്ത്യയിൽ തിരിച്ചെത്തി. കോൺഗ്രസ്സ്-ലീഗ്-സിഖ് നേതാക്കളുടെ ഒരു യോഗം ജൂൺ രണ്ടാം തീയതി അദ്ദേഹം വിളിച്ചുകൂട്ടി. നെഹ്രു, പട്ടേൽ, കൃപലാനി, ജിന്ന, ലിയാക്കത്തലി ഖാൻ, അബ്ദുറബ്ബ് നിഷ്ഠാർ, ബൽദേവ് സിങ്ങ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു. തന്റെ പദ്ധതിയുടെ വിശദാംശങ്ങൾ നേതാക്കന്മാർക്ക് നൽകി.

ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടുപോകണമെന്ന് തീരുമാനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാകും. ഇതനുസരിച്ച് പഞ്ചാബ്, ബംഗാൾ, സിന്ധ്, ബലൂചിസ്ഥാൻ, അതിർത്തിപ്രവിശ്യ, ആസ്സാമിലെ സിൽഹട്ട് ജില്ല എന്നിവടങ്ങളിലെ ജനങ്ങൾക്ക് ഇന്ത്യൻ യൂണിയനിൽ നിൽക്കണമോ യൂണിയൻ വിട്ടുപോകണമോ എന്ന് തീരുമാനിക്കുവാൻ അവകാശമുണ്ടായിരിക്കും.

പഞ്ചാബ്, ബംഗാൾ, ആസ്സം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ ഒരു അതിർത്തി നിർണ്ണയക്കമ്മീഷൻ രൂപീകരിക്കുന്നതാണ്.

നാട്ടുരാജ്യങ്ങൾക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരുന്നതിന് സ്വതന്ത്ര്യമുണ്ടായിരിക്കും. ഇന്ത്യൻ യൂണിയനും പാകിസ്താനും ആദ്യം പുത്രികാരാജ്യപദവിയായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ബ്രിട്ടീഷ് കോമൺവെൽത്ത് വിട്ടുപോകണമെങ്കിൽ, അവർക്ക് അതിന് അവകാശമുണ്ടായിരിക്കും. 1948 ജൂണിന് മുമ്പ് തന്നെ അധികാരം കൈമാറണമെന്നാണ് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആഗ്രഹമെന്നും മൗണ്ട്ബാറ്റൺ പറഞ്ഞു.

കോൺഗ്രസ്സും മുസ്ലിം ലീഗും മൗണ്ട് ബാറ്റൺ പദ്ധതി അംഗീകരിച്ചു.1947 ജൂലൈയിൽ മൗണ്ട് ബാറ്റൺ പദ്ധതിക്ക് നിയമസാധുത നൽകികൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് 'ഇന്ത്യൻ സ്വാതന്ത്ര്യ നിയമം' പാസ്സാക്കി.

Post a Comment

0 Comments

Close Menu